
കൊല്ലം: പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ യുട്യൂബറും മതപാഠശാല ഡയറക്ടറുമായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നേക്കാമെന്ന സംശയത്തിൽ പൊലീസ്. ഇയാൾ കൂടുതൽ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ റിമാൻഡിലുള്ള പ്രതിയെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിനാണ് പൊലീസിന്റെ നീക്കം.
ഓച്ചിറ മേമനയിൽ പ്രവർത്തിക്കുന്ന അൽ ഹബീബിയ ഇസ്ലാമിക് അക്കാദമിയുടെ ഡയറക്ടറാണ് മുഹമ്മദ് നിയാസ് ജൗഹരി. പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇന്നലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്കാദമിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകൾ നടന്നതായും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ്സുകളും ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പെൺകുട്ടിയുടെ പിതാവിന്റെ അമ്മയ്ക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിച്ചുനൽകാമെന്നും വിശ്വസിപ്പിച്ചാണ് പ്രതി കുട്ടിയുമായി അടുപ്പം സ്ഥാപിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയെയും മുത്തശ്ശിയെയും അക്കാദമിയിലേക്ക് വിളിച്ചുവരുത്തിയ ഇയാൾ അവിടെവച്ചും പിന്നീട് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ചും ലൈംഗികാതിക്രമം നടത്തിയെന്നാണ് മൊഴി. ഭീഷണിപ്പെടുത്തിയാണ് പീഡനത്തിന് ഇരയാക്കിയതെന്നും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
2025 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് അതിക്രമങ്ങൾ നടന്നതെന്നാണ് വിവരം. ഇക്കാര്യം പെൺകുട്ടി സുഹൃത്തുക്കളോട് തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. അക്കാദമിയിൽനിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
മതപ്രഭാഷണ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് മുഹമ്മദ് നിയാസ് ജൗഹരി. യുട്യൂബിലും ഇൻസ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സുള്ള ഇയാൾക്ക് പ്രതിമാസം ലക്ഷങ്ങളുടെ വരുമാനമുണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾ നടത്തുന്ന അക്കാദമിയിൽ നിരവധി ആൺകുട്ടികളും പെൺകുട്ടികളും നിലവിൽ പഠിക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചേക്കും.










